കോട്ടയം: പ്രശസ്ത സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ്  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാലേ കാലിന് അന്ത്യം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പുലർച്ചെ സുഹൃത്തിനെ വിളിച്ചാണ് ആശുപത്രിയിലേക്ക് പോയത്.

ആശുപത്രിയിലെത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. വൈകാതെ മരണം സംഭവിച്ചു. കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വസതിയിൽ എത്തിച്ചു. ഭാര്യ-  മായ, മക്കൾ വിഷ്ണു, വൃന്ദ. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.