സംസ്ഥാനത്തെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്‌ച്ച പുനരാരംഭിക്കും. ഉച്ച വരെയാണ് ക്ലാസ്.അങ്കണവാടികൾ, ക്രഷുകൾ, കിന്റർഗാർട്ടനുകൾ എന്നിവയും തിങ്കളാഴ്ച തുറക്കും. 

ഈ മാസം 21 മുതല്‍ ക്ലാസുകള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഈ മാസവും അടുത്തമാസവും പൊതു അവധിയൊഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്ന് മന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു. പ്രീപ്രൈമറി ക്ലാസുകളും നാളെ ആരംഭിക്കും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസ്. പകുതി കുട്ടികള്‍ക്ക് മാത്രമാണ് അനുമതി. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ നടത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിക്ടേഴ്‌സിലെ ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞതവണ സ്കൂൾ തുറന്നപ്പോൾ ഇറക്കിയ മാർഗരേഖ പ്രകാരമാകും ഇത്തവണയും പ്രവർത്തനം.

10, 11, 12 ക്ലാസുകൾ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകൾ നടക്കുന്നത്. പാഠഭാഗം തീർക്കാനായി അധിക ക്ലാസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.പത്തിലെയും പ്ലസ് ടുവിലെയും പൂര്‍ത്തിയാക്കിയ പാഠഭാഗത്തെ കുറിച്ച്‌ അദ്ധ്യാപകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.