കോട്ടയം:  കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും മോഷണം, പിടിച്ചുപറി, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കങ്ങഴ  കൊറ്റംചിറ ഭാഗത്ത് തകിടിയേല്‍ വീട്ടില്‍ ബിനു മകന്‍ അബിന്‍ (23) എന്നയാളെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായി. 

തുടർന്ന് അബിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.കറുകച്ചാൽ, മണിമല പോലീസ് സ്റ്റേഷൻ പരിധിയിൽ ആളുകളെ ആക്രമിച്ച് കവർച്ച നടത്തിയ കേസ്സുകളിലും മുണ്ടക്കയം പീരുമേട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസ്സുകളിലും പ്രതിയായ അബിൻ നാട്ടിൽ ലഹളയുണ്ടാക്കുന്നതിന് ഇടയിരിക്കപ്പുഴ ഭാഗത്തെ ആരാധനാലയങ്ങൾ ആക്രമിച്ച കേസ്സിലും പ്രതിയാണ്. 

മണിമല പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.